കൊണ്ടോട്ടി : യുവാക്കളിലും വിദ്യാർത്ഥികളിലെയും ലഹരി ഉപയോഗത്തിനും വിപണത്തിനുമെതിരെ എ.ഐ ( നിർമ്മിത ബുദ്ധി ) അധിഷ്ഠിത രഹസ്യ റിപ്പോർട്ടിംഗ് സംവിധാനമൊ രുക്കി വ്യത്യസ്ത ക്യാമ്പയിനുമായി കൊണ്ടോട്ടി നഗരസഭ ചിറയിൽ വാർഡ്. എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം കൂടിയായ കെ പി സൽമാൻ ആണ് വാർഡ് കൗൺസിലർ.
നാട്ടിലും പരിസരങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട ഉപയോഗവും വിതരണവും മറ്റു അസാന്മാർഗിക കൂടിച്ചേരലുകളും ശ്രദ്ധയിൽപ്പെട്ടാൽ ക്യു. ആർ കോഡ് സ്കാൻ ചെയ്തു റിപ്പോർട്ട് ചെയ്യാവുന്നതാണ്. അനുബന്ധമായ ഫോട്ടോയും വീഡിയോയും ഈ ആപ്പ് വഴി അയക്കാൻ സാസാധിക്കും. നിലവിലുള്ള മറ്റു രഹസ്യ റിപ്പോർട്ടിംഗ് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി അയക്കുന്ന വ്യക്തിയുടെ ഫോൺ നമ്പർ പോലും അറിയാൻ സാധിക്കില്ല എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
കുറ്റിക്കാട്ടൂർ എ.ഡബ്ലിയു. എച്ച് എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സംവിധാനമായ മ്യൂസോൺ സൂപ്പർ എ. ഐ ( MusOn – Zuper AI ) കമ്പനിയുടെ പിന്തുണയോടെയാണ് റിപ്പോർട്ടിംഗ് സംവിധാനം വികസിപ്പിച്ചെടുത്തത്.
*ചിറയിൽ 28 ആം വാർഡ് ജാഗ്രത സമിതി ഒരുക്കിയ ലഹരി വിരുദ്ധ കുടുംബ സദസ്സിൽ വെച്ച് കൊണ്ടോട്ടി ഡി.വൈ.എസ്.പി പി.ആർ സന്തോഷ് ക്യു ആർ കോഡ് സംവിധാനം ലോഞ്ച് ചെയ്തു*. ലഹരി വിരുദ്ധ കുടുംബ സദസ്സ് നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് മടാൻ ഉദ്ഘാടനം ചെയ്തു.
ഈ നൂതന റിപ്പോർട്ടിംഗ് സംവിധാനം കൊണ്ടോട്ടി നഗരസഭയിൽ മൊത്തത്തിൽ വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലർ കെ പി സൽമാൻ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് ഓഫീസർ മുഹമ്മദലി ഉൽബോധന ക്ലാസ് നടത്തി.
കെ സി ചിത്രലാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മഹല്ല് പ്രസിഡണ്ട് കെഎം കോയാമു, പുൽപ്പാടൻ ബീരാൻ മുസ്‌ലിയാർ, കെ പി അബ്ദുൽ അസീസ്, റഫീഖ് അഹ്സനി, പി കാര്‍ത്യാനി, പുളിക്കൽ അമീർ, കെ കെ അബൂ, പി ഷുഹൈബ് തുടങ്ങിയവർ സംസാരിച്ചു.