28.8 C
Kerala
Saturday, March 29, 2025

മുണ്ടക്കൈ ചൂരൽമല ദുരന്തം; പ്രഖ്യാപിച്ചത് 25 വീടുകൾ, 100 വീടുകൾക്കുള്ള തുകയായ 20 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി ഡിവൈഎഫ്ഐ

Must read

മുണ്ടക്കൈ ചൂരൽമല ദുരന്ത മേഖലയിൽ നമ്മൾ വയനാട് പദ്ധതിയിൽ 100 വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും കൈമാറി ഡിവൈഎഫ്ഐ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നടത്തിയത് മാതൃകാപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 25 വീട് എന്നതിൽ നിന്ന് 100 വീടായി മാറിയത് അഭിമാനകരമായ കാര്യമാണ്.

പൊതുപിരിവുകൾ നടത്താതെ ആക്രി പെറുക്കിയും കൂലിവേല ചെയ്തും വിവിധ പരിപാടികൾ സംഘടിപ്പിച്ചുമാണ് ഡിവൈഎഫ്ഐ ഈ തുക സമാഹരിച്ചത് എന്നത് മാതൃകാപരമായ കാര്യമാണ്

ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം ദുരന്ത സ്ഥലത്ത് ആത്മസമർപ്പണത്തോടെ ഇറങ്ങിത്തിരിച്ച യുവജനങ്ങളെയാണ് കാണാൻ കഴിഞ്ഞത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രിയാത്മകമായി ഇടപെടാനും നല്ല രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനും യുവജന സംഘടനകൾ സജീവമായി ഇടപെട്ടു. അതിൽ ഡിവൈഎഫ്ഐ പ്രത്യേക പരാമർശം അർഹിക്കുന്ന സംഘടനയാണ്. അതിൽ ഡിവൈഎഫ്ഐയോടൊപ്പം സഹകരിച്ച മറ്റ് യുവജന സംഘടനകളും ഉണ്ട്.

സ്പോൺസർമാർ ഒരു വീടിനായി നൽകുക 20 ലക്ഷം രൂപയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ തുക വേണ്ടി വന്നേക്കും. ആ തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നിർമ്മിക്കുന്നത് ഒരേ പോലുള്ള വീടുകളാണ്. എല്ലാവരെയും ഒരേ പോലെ കണ്ട് അവരെ സഹായിക്കുകയാണ് ചെയ്തത്. സ്പോൺസർ ചെയ്ത വീടുകൾ പ്രത്യേകമായി ഒരാൾക്ക് നൽകില്ല. ഡിവൈഎഫ്ഐ നൽകിയ വീടുകൾ എന്ന നിലയിലല്ല വീടുകൾ നിർമ്മിക്കുക. എല്ലാവർക്കും ഒരുപോലെയുളള വീടുകൾ ആയിരിക്കും.

അതേസമയം കേന്ദ്രത്തോടുള്ള വിമർശനവും അദ്ദേഹം വേദിയിൽ അറിയിച്ചു. ദുരന്തം നേരിട്ടപ്പോഴെല്ലാം കേരളം നേരിട്ടത് അവഗണനയാണ്. 2018 മുതൽ കേരളം ഈ അവഗണന നേരിടുന്നു. നാട് തകർന്നു പോകട്ടെ എന്ന് ദുഷ്ട മനസ്സുകൾ ചിന്തിക്കുന്നു. എന്നാൽ അനിതര സാധാരണമായ ഒരുമയും ഐക്യവും കാണിക്കുന്ന ജനതയുള്ള നാടാണിത്. ആ ഒരുമയുടെയും ഐക്യത്തിന്റെയും കരുത്ത് ഓരോ ഘട്ടത്തിലും നമുക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെയാണ് ഈ നാട് ഓരോ ദുരന്തത്തെയും അതിജീവിച്ച് മുന്നോട്ടുവരുന്നത്. സഹായം നൽകേണ്ടവർ സഹായിച്ചില്ല എന്ന് കുറവ് നിലനിൽക്കുന്നുണ്ട്. ഇനിയും ദുരന്തങ്ങൾ ഉണ്ടായേക്കാം. എന്നാൽ ആ ദുരന്തങ്ങൾക്ക് തകർക്കാൻ കഴിയുന്നതായിരിക്കില്ല ഇപ്പോൾ ഉള്ള പുനർനിർമാണം. അത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് മുണ്ടക്കൈ ചൂരൽ മലയിൽ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article