പൂവാട്ടുപറമ്പ്: കാറിന്റെ ചില്ല് തകര്‍ത്ത് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതിയ്ക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ, ഇത് ഭാര്യാപിതാവിന്റെ പണം തട്ടാന്‍ മരുമകന്‍ നടത്തിയ നാടകം മാത്രമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര മാരിക്കോളനിനിലം സ്വദേശി റഹീസ്, കൂട്ടാളികളായ കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശി സാജീത് (ഷാജി), പൂവാട്ടുപറമ്പ് സ്വദേശി ജംഷീദ് എന്നിവരെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
റഹീസിന്റെ ഭാര്യയുടെ പിതാവ് ബെംഗളൂരുവില്‍ മാനേജരായുള്ള സ്ഥാപനത്തില്‍നിന്ന് കേരളത്തിലെ ശാഖകളിലേക്ക് കൈമാറാനായി 40 ലക്ഷം രൂപ നൽകിയിരുന്നു. ഈ തുക റഹീസ് സ്വന്തമായി ചെലവഴിക്കുകയായിരുന്നു. പിന്നീട് പണം തിരികെ നൽകാനാകാതെ വന്നതോടെ, 90,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി കവര്‍ച്ചാ നാടകമൊരുക്കുകയായിരുന്നു.
പൂവാട്ടുപറമ്പിലെ ഒരു സ്വകാര്യാശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ 40 ലക്ഷം രൂപയും, 25,000 രൂപ ഡാഷ് ബോര്‍ഡിലും സൂക്ഷിച്ചിരുന്നുവെന്നായിരുന്നു റഹീസിന്റെ മൊഴി. സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതായി സിസിടിവി ദൃശ്യങ്ങളിലും കാണാം. എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ക്വട്ടേഷന്‍സംഘം തന്നെ റഹീസിന്റെ നിർദ്ദേശപ്രകാരം ചില്ല് തകര്‍ത്തതാണെന്ന് തെളിഞ്ഞു. 40 ലക്ഷം രൂപയ്ക്കുപകരം ചാക്കിനുള്ളിൽ പേപ്പർ കുത്തിനിറച്ച നിലയിലായിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിലാണ് സംഘം രക്ഷപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്ന സ്‌കൂട്ടറിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് സാജീത്, ജംഷീദ് എന്നിവരെ പൊലീസ് പിടികൂടിയത്. ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചയ്ക്ക് പിന്നിലെ നാടകം വെളിവായത്.
കാറിന്റെ ഡാഷ്‌ബോർഡിൽ നിന്ന് പണമെടുക്കാത്തതും, കാറിന്റെ സീറ്റിലുണ്ടായിരുന്ന കാര്‍ഡ്‌ബോർഡും ചാക്കുമാത്രമാണ് എടുത്തതെന്നും അതിൽ യഥാർത്ഥ പണമില്ലായിരുന്നെന്നും സാജീത് സമ്മതിച്ചു.
റഹീസിന്റെ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും, റഹീസിന്റെ കോള്‍ ലിസ്റ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാജീത്, ജംഷീദ് എന്നിവരിലേക്കെത്തിയത്.
റഹീസിന്റെ ഭാര്യാപിതാവ് സാമ്പത്തികമായി നല്ല നിലയിലായതിനാല്‍ പരാതി നല്‍കില്ലെന്ന പ്രതികളുടെ കണക്കുകൂട്ടൽ പൊളിഞ്ഞു. വ്യാജപരാതി നല്‍കിയതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 19-നാണ് റഹീസ് മെഡിക്കല്‍ കോളേജ് പൊലീസില്‍ കവര്‍ച്ചാ പരാതി നല്‍കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പൊലീസ് പ്രതികളെ പിടികൂടി.