വാഴക്കാട്: കഴിഞ്ഞ ദിവസം വൈകിട്ടോടെയുണ്ടായ കാറ്റിൽ വാഴക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം. ആക്കോട്, കോടിയമ്മല്‍, വാഴക്കാട്, പരപ്പത്ത്, കോലോത്തുംകടവ്, വെട്ടത്തൂര്‍ ഭാഗങ്ങളിലായി നിരവധി നേന്ത്ര വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. കുലച്ചുതുടങ്ങിയ വാഴകളാണ് നശിച്ചവയില്‍ അധികവും.
കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദിന്‍റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, വാര്‍ഡ് മെമ്പര്‍ സി.പി ബഷീര്‍ മാസ്റ്റര്‍, കൃഷി ഓഫീസർ യു റൈഹാനത്ത്, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.