വാഴയൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ച ഇ.എം.എസ്. സ്‌മാരക കെട്ടിട സമുച്ചയത്തിന്റെയും പ്രഭാത സായാഹ്നശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് പുതിയ നീതി ലാബിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനവും നിർവഹിച്ചു. ധനകാര്യ സ്ഥാപനവുമായി പ്രവർത്തിച്ച് നിൽക്കുമ്പോൾ തന്നെ ആരോഗ്യ സേവന മേഖലയിലും കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും സംസ്ഥാനത്ത് തന്നെ മാതൃകപരമായ പ്രവർത്തനമാണ് ബാങ്ക് സംഘടിപ്പിക്കുന്നത്.
വാഴയൂർ സർവ്വീസ് സഹകരണ ബാങ്ക് രൂപീകൃതമായിട്ട് 60 വർഷം പിന്നിടുകയാണ്. ആറുപതിറ്റാണ്ടിൻ്റെ സേവന പാതയിൽ മുന്നേറുന്ന വേളയിലാണ് ബാങ്കിന്റെ കാരാട് പ്രഭാത സായാഹ്ന ശാഖക്കും നീതി മെഡിക്കൽസിനും ക്ലിനിക്കിനും നീതി ലാബിനും മറ്റും ഉപകാര പ്രദമാകുന്ന രൂപത്തിൽ പുതിയ കെട്ടിടമുണ്ടായത്.
ആറു പതിറ്റാണ്ടിനിടയിൽ വാഴയൂരിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളിലുണ്ടായ മാറ്റത്തിൽ പ്രധാന പങ്കു വഹിക്കാൻ ബാങ്കിനായിട്ടുണ്ട്. 30,000ലധികം ആളുകളുടെ നിക്ഷേപം വിവിധങ്ങളായി സ്വീകരിച്ച ബാങ്ക് 10,000ലധികം പേർക്ക് വിവിധങ്ങളായ വായ്‌പ നൽകിയിട്ടുണ്ട്. 120 കോടി രൂപയിലധികം പ്രവർത്തന മൂലധനവും 100 കോടി രൂപയിലധികം വായ്‌പ വിതരണത്തിലും ബാങ്ക് എത്തി നിൽക്കുന്നു.