വാഴക്കാട് : കാലവർഷം തുടങ്ങിയാൽ ഡ്രൈനേജ് ഇല്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തുകാർ പരിഹാരം ആവശ്യപ്പെട്ട് കക്കാട്ടിരി വാഴയിൽ മുഹമ്മദിൻറെ വീട്ടിൽ ഒരുമിച്ചു
വാർഡ് മെമ്പർ മൂസകുട്ടി ആധ്യക്ഷ്യം വഹിച്ച പരിപാടി വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം കെ നൗഷാദ് ഉൽഘാടനം ചെയ്തു പരിപാടിയിൽ ജനങ്ങളുടെ പരാതികൾ കേട്ടു ഉടനെ പരിഹാരം കാണാമെന്ന് പ്രസിഡൻ്റ് പ്രദേശവാസികൾക്ക് ഉറപ്പു നൽകി.
തിരുവാലൂർ -കക്കാടീരി – ചെറുവായൂർ റോഡിൻ്റെ ഡ്രൈനേജ് നിർമ്മിക്കണമെന്നാവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്
കഴിഞ്ഞ കാല വർഷത്തിൽ മുടക്കോയ് മലയിൽ നിന്നും കുത്തിയൊലിച്ചു വന്ന മലവെള്ളം റോഡിൽ ഡ്രൈനേജ് ഇല്ലാത്തതിനാൽ കുത്തിയൊലിച്ച് വീട്ടിൻ്റെ ഭിത്തി തകർന്ന് വീട് താമസിക്കാൻ കഴിയാത്ത അവസ്ഥയിൽ ഇന്നും കക്കാട്ടിരി മഹേഷും കുടുംബവും ഓഫീസ് കയറിയിറങ്ങുകയാണ്.
മൂന്ന് വീടുകളുടെ സംരക്ഷണ ഭിത്തിയാണ് ഇതിൽ തകർന്നത്. ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതിയിൽ ശാശ്വതമായ ഡ്രൈനേജ് നിർമ്മിക്കാൻ കമ്മീഷൻ നിർദേശം നൽകിയെങ്കിലും പഞ്ചായത്തിൽ ഫണ്ടില്ല എന്ന മറുപടിയാണ് നൽകിയത്.
കക്കാട്ടീരി റോഡിൻ്റെ താഴ്ഭാഗത്ത് താമസിക്കുന്ന മുപ്പതോളം വീട്ടുകാർ അനുഭവിക്കുന്ന പ്രയാസങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനും മെമ്പർക്കും പ്രദേശവാസികൾ നേരത്തെ ഡ്രൈനേജ് നിർമ്മിക്കാൻ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഫണ്ട് ലഭിക്കും എന്ന് കരുതി കാത്തിരുന്നെങ്കിലും ലഭ്യമായില്ല. അത് മറ്റൊരു സ്ഥലത്തേക്ക് നൽകിയതായി
ബ്ലോക്ക് മെമ്പർ പ്രദേശവാസികളോട് പറഞ്ഞു.
അടുത്ത് തന്നെ ഡ്രൈനേജ് നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പും നൽകിയിരുന്നു. ഇപ്പോൾ പുതിയ ഫണ്ട് അതിന് വേണ്ടി വിനിയോഗിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.സി.കെ മുനീർ ,സി.കെ റിയാസ്,മഹേഷ്‌കുമാർ ,രവി ,ജമീർ ,അബ്ദുല്ല വെളുത്തേടത് തുടങ്ങിയവർ സംബന്ധിച്ചു .
തിരുവാലൂർ -കക്കാടീരി – ചെറുവായൂർ റോഡിൻ്റെ ഡ്രൈനേജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഒത്തുകൂടി
