കൂളിമാട്: പാഴൂർ ഗ്രാമത്തിന് അറിവിൻ വെളിച്ചവും ഭാവി തെളിച്ചവും പകർന്നു പതിറ്റാണ്ടു മുമ്പ് പാഴൂർ എ യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ ഇ.എൻ ദേവകി ടീച്ചറെ കാണാൻ ചെറൂപ്പയിലെ ടീച്ചറുടെ വസതിയിൽ റിപ്പബ്ളിക് ദിനത്തിൽ പഴയ ശിഷ്യരെത്തി.
സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സഹപാഠിക്കൂട്ടമാണ് ഇതിനായി അവസരം തീർത്തത്. മങ്ങാത്ത ഓർമകളും മായാത്ത സ്മരണകളും ഇറക്കിവെച്ചും പാടിയും പറഞ്ഞും
അനുസ്മരിച്ചും മിഴി നിറച്ചും പൊഴിച്ചും ശിഷ്യരെ വികാരഭരിതരാക്കി. പുലക്കുത്ത് റസാഖ് ടീച്ചറെ ഷാളണിയിച്ച് ആദരിച്ചു.
ലത്തീഫ് കുറ്റിക്കുളം ആമുഖഭാഷണം നടത്തി. ഫസൽ റഹ്മാൻ, കെ.സി സാദിഖ്, ഇ.പി ശ്രീധരൻ, മജീദ് കൂളിമാട്, ജലീൽ പുതിയോട്ടിൽ, ടി.കെ ആബിദ്, ടി. റൈഹാന, എം.കെ ജമാൽ എന്നിവർ ടീച്ചറുമായി സംവദിച്ചു. 94-ാം വയസ്സിലും പഴയ കലാലയ ഓർമകൾക്ക് മധുരം നൽകിയ ടീച്ചർ ശിഷ്യർക്ക് കൗതുകമായി.
മജീദ് കൂളിമാടിൻ്റെ കാവ്യോപഹാരവും സഹപാഠിക്കൂട്ടത്തിൻ്റെ പ്രത്യേക പാരിതോഷികവും അവർ ടീച്ചർക്ക് സമർപിച്ചു. ഇതേ സ്കൂൾ പൂർവവിദ്യാർത്ഥിനിയും ടീച്ചറുടെ പുത്രിയുമായ ശോഭന ശിഷ്യരെ സ്വീകരിച്ചു.