ചീക്കോട് ഗ്രാമപഞ്ചായത്തിന്റെ ജനദ്രോഹ ഭരണത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആപ്പീസിലേക്ക് ബഹുജന മാർച്ച് നടത്തി. വീടില്ലാത്ത മുഴുവൻ ആളുകൾക്കും ലൈഫ് ഭവന പദ്ധതി പ്രകാരം പാർപ്പിടം ഉറപ്പാക്കുക, നിർമാണത്തിലിരിക്കുന്ന വീടുകളുടെ ഗഡുക്കൾ യഥാസമയം ഗുണഭോക്താക്കൾക്ക് നൽകുക, തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുക, പട്ടികജാതി വിഭാഗങ്ങൾക്ക് മാറ്റിവെച്ച ഫണ്ട് ലാപ്സാക്കാതെ വിനിയോഗിക്കുക, വന്യമൃഗ ശല്യത്തിനെതിരെ സത്വര നടപടി സ്വീകരിക്കുക, കുടിവെള്ളക്ഷാമം അനുഭവിക്കുന്ന എല്ലാ വാർഡുകളിലേക്കും കുടിവെള്ളം എത്തിക്കുക, അംഗനവാടി ടീച്ചേയ്‌സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവരെ തഴഞ്ഞ നടപടികൾ പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മുണ്ടക്കൽ താഴെ അങ്ങാടിയിൽ നിന്ന് ആരംഭിച്ച് നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫിസിന് മുമ്പിൽ സമാപിച്ചു.
ചീക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ മുണ്ടക്കൽ പ്രതിഷേധ സമ്മേളനത്തിന് സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം മൊയ്‌ദീൻ ഓമാനൂർ അധ്യക്ഷത വഹിച്ചു. സിപിഐ(എം) അരീക്കോട് ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി മാർച്ച് ഉദ്ഘാടനം ചെയ്തു. അരീക്കോട് ഏരിയാ കമ്മിറ്റി അംഗം എൻ. അയ്യപ്പൻ കുട്ടി അഭിവാദന പ്രസംഗം നടത്തി. മുണ്ടക്കൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി വിമേഷ് മുണ്ടക്കൽ യോഗത്തിന് നന്ദി പറഞ്ഞു.