വാഴക്കാട്: എളമരം യത്തീംഖാന ക്യാമ്പസിന് സമീപമുള്ള എളമരം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 51 വാർഷികവും ജോലിയിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക മേഴ്സി ടീച്ചർക്കുള്ള യാത്രയയപ്പും ജനുവരി 24 വെള്ളിയാഴ്ച നാലുമണി മുതൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും.
പ്രസ്തുത പരിപാടിയോട് അനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും സിനിമ പിന്നണി ഗായകരും, മാപ്പിളപ്പാട്ടിനാൽ ഇശൽ വിരുന്ന് ഒരുക്കുന്ന കലാ പ്രതിഭകൾ അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റും നടത്താൻ തീരുമാനിച്ചു. പരിപാടികളുടെ നടത്തിപ്പിനായി പിടിഎ പ്രസിഡണ്ട് മുസമ്മിൽ ചെയർമാനും സീനിയർ അധ്യാപിക മൃദുല ടീച്ചർ കൺവീനറും എസ് എം സി ചെയർമാൻ സലീം മാസ്റ്റർ ട്രഷററുമായി സംഘാടകസമിതിയും രൂപീകരിച്ചു.
യാത്രയയപ്പ് സമ്മേളനത്തിൽ മലപ്പുറം പാർലമെന്റ് മണ്ഡലം എംപി ET മുഹമ്മദ് ബഷീർ എം.പി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:എംകെ നൗഷാദ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷമീന സലീം,ബ്ലോക്ക് മെമ്പർ പുളിയക്കൽ അബൂബക്കർ,വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളം തുടങ്ങിയ ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.