പുളിക്കൽ: നിമിഷം പ്രതി മാറ്റങ്ങൾ സംഭവിക്കുന്ന ആധുനിക കാലത്ത് ശ്രദ്ധയും അർപ്പണബോധവുമുണ്ടെങ്കിൽ അപ്രാപ്യമായ സ്വപ്നങ്ങളെ പോലും സാക്ഷാത്കരിക്കാൻ വിദ്യാർഥികൾക്ക് സാധിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് 2024-25 അധ്യയന വർഷത്തെ വിദ്യാർഥി യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനവും വിനയവും സാമൂഹിക ബോധവും ഒന്നുചേർന്ന വിദ്യാർഥിത്വം കാലത്തിന്റെ തേട്ടമാണ്. സാങ്കേതികവിദ്യയുടെ ചതിക്കുഴികളിൽ നിന്ന് മോചനം നേടാൻ സംശുദ്ധമായ ലക്ഷ്യവും മാർഗവും സംബന്ധിച്ച് ബോധ്യമുള്ള തലമുറകളെ സൃഷ്ടിച്ചെടുക്കാൻ കലാലയ വിദ്യാർഥി യൂണിയനുകൾ കർമ്മ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ചെയർമാൻ ഫവാസ് ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അബ്ദു റഷീദ് കെ.പി ആമുഖഭാഷണം നിർവഹിച്ചു. കൊണ്ടോട്ടി മുനിസിപ്പൽവൈസ് ചെയർമാൻ അഷ്റഫ് മാടാൻ ഫൈൻ ആർട്സ് ഉദ്ഘാടനം നിർവഹിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ അബ്ദുല്ലക്കോയ, എ അബ്ദുൽ കരീം, ശുഹൈബ് പുത്തൂപ്പാടം, ഡോ. സാബിർ നവാസ് സി എം, ഡോ. മുഹമ്മദ് ബഷീർ സി കെ പ്രസംഗിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി സനാൻ പി സ്വാഗതവും ജനറൽ സെക്രട്ടറി ഹനീൻ എം നന്ദിയും പറഞ്ഞു.
ശ്രദ്ധയും സമർപ്പണവും സ്വപ്നങ്ങളെ യാഥാർഥ്യമാക്കും: നജീബ് കാന്തപുരം എം.എൽ.എ.
