പുളിക്കൽ: ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന മൗസിമുൽ അറബിയ്യ: പരിപാടികൾക്ക് നാളെ പുളിക്കൽ എം.സി.സി നഗറിൽ തുടക്കമാകും. റിട്ടയേഡ് അറബിക് ടീച്ചേഴ്സ് യൂണിയൻ കൊണ്ടോട്ടി (റതൂക് RATUK) യുടെ സഹകരണത്തോടെ നടക്കുന്ന അറബി ഭാഷാ സെമിനാർ നാളെ (17-12-2024 ചൊവ്വ) രാവിലെ 9.30 ന് കെ പി എ മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ പി അബ്ദു റഷീദ് അധ്യക്ഷത വഹിക്കും. തുടർന്ന് ഫാറൂഖ് കോളേജ് അറബിക് വിഭാഗം അസി. പ്രൊഫ. ഡോ. അബ്ബാസ് കെ പി, ഡോ. സാബിർ നവാസ് സി എം എന്നിവർ യഥാക്രമം അറബി ഭാഷാരംഗത്തെ ആധുനിക തൊഴിൽ സാധ്യതകൾ, മാറുന്ന ലോകത്തെ അറബി ഭാഷ എന്നീ സെഷനുകൾക്ക് നേതൃത്വം നൽകും.
റതൂക് പ്രസിഡണ്ട് പി. കെ. മാമു മൗലവി വിശിഷ്ടാതിഥികളെ ആദരിക്കും. ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുൻ പ്രൊഫസർ ഡോ. ടി. പി. അബ്ദുറഷീദ് കാവ്യാസ്വാദന സെഷന് നേതൃത്വം നൽകും. കോളേജ് അറബിക് ക്ലബ് കോർഡിനേറ്റർ അഫ്സൽ എം. ടി, ഡോ. മുഹമ്മദ് അമാൻ കെ എന്നിവർ നയിക്കുന്ന സ്വിറാഉൽ ഉഖൂൽ ക്വിസ് മത്സരത്തോടെ ഇന്നത്തെ പരിപാടികൾ സമാപിക്കും.
സമാപന സെഷനിൽ മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം ഡോ. കെ വി വീരാൻ മുഹിയുദ്ദീൻ, കെ എം അബ്ദുല്ല മാസ്റ്റർ, ഒ. അഹമ്മദ് സഗീര്‍ എന്നിവർ നിർവഹിക്കും. കോളേജ് അറബിക് ഭാഗം മേധാവി ഡോ. ബഷീർ മാഞ്ചേരി, പി പി മുഹമ്മദ് മദനി, ടി മൂസാ ഹാജി, മോനുദ്ദീൻ എൻ, പി.പി. ജലീൽ മൗലവി, ഡോ. മുനീർ മദനി, ഡോ. മുഹമ്മദ് ബഷീർ സി. കെ, വി മുഹമ്മദ്, വി സി അബ്ദുൽഹമീദ്, കെ അബ്ദുസ്സത്താർ, അബ്ദുസമദ് സി, കെ കെ കുഞ്ഞുമുഹമ്മദ്, കെ എം അബ്ദുൽ ജബ്ബാർ, പി പി അബ്ദുറഹ്മാൻ, സി എം എ ഗഫൂർ, സി കെ മുഹമ്മദ്, അബ്ദുൽ ഹമീദ് ഇ കെ, എം കെ അബ്ദുറഹ്മാൻ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. അറബി കമന്ററി, അറബി സാഹിത്യ പ്രശ്നോത്തരി, അറബി കാലിഗ്രഫി, പവർപോയിൻറ് പ്രസന്റേഷൻ തുടങ്ങി വിവിധ കലാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ മാറ്റുരക്കുന്ന മത്സരങ്ങളടക്കം മൗസിമുൽ അറബിയ്യ:യുടെ ഭാഗമായി രണ്ടു മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് കോളേജ് അറബിക് വിഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി അവസാനവാരം നടക്കുന്ന അന്തർദേശീയ അറബിക് കോൺഫറൻസോടെ മൗസിമുൽ അറബിയ്യ: പരിപാടികൾക്ക് സമാപനം കുറിക്കും.