മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുളിക്കൽ പഞ്ചായത്തിൽ ചേർന്ന സ്കൂൾ കുട്ടികളുടെ ശുചിത്വ പാർലമെന്റ് പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിലെ 17 സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ശുചിത്വ അംബാസിഡർമാർ പാർലമെന്റിൽ പങ്കെടുത്തു. പഞ്ചായത്തിന്റെ ശുചിത്വ അംബാസിഡറായി തെരെഞ്ഞെടുക്കപ്പെട്ട പുളിക്കൽ എ. എം. എം. ഹൈസ്കൂളിലെ റജ ഫാത്തിമ പാർലമെന്റ് നിയന്ത്രിച്ചു. ഓരോ സ്കൂളിലെയും അംബാസിഡർമാർ തങ്ങളുടെ സ്കൂളുകളിൽ നടപ്പിലാക്കിയ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ വിശദീകരിച്ചു. അടുത്ത ശുചിത്വ പാർലമെന്റ് കൂടുന്നത് വരെ ചെയ്ത് തീർക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിച്ചു. പങ്കെടുത്ത എല്ലാ അംബാസിഡർമാർക്കും മൊമെന്റോ വിതരണം ചെയ്തു.
ചടങ്ങിന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രേം പൂജ സി.പി സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ടി സുഹ്റ ചേലാട്ട് അധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ ആർ. പി കൃഷ്ണദാസ്, ജില്ലാ റിസോർസ് പേഴസൺ വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. ബേബി രജനി, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സിദ്ധീഖ് കോന്തേടൻ,മറ്റ് മെമ്പർമാർ,സ്കൂൾ അധ്യാപകർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.