30.8 C
Kerala
Saturday, October 5, 2024

സി പി ഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി അന്തരിച്ചു

Must read

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരിയും, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരിയും മക്കളാണ്.

സീതാറാം യെച്ചൂരി ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും സിപിഐ എം നേതൃപരമ്പരയിലെ ഉന്നത വ്യക്തിത്വവുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടില്‍ സ്ഫുടം ചെയ്തെടുത്ത ഒരു ജനകീയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സര്‍വേശ്വര സോമയാജി യെച്ചൂരിയും കല്‍പ്പകം യെച്ചൂരിയും ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12-ന് ജനിച്ച യെച്ചൂരി പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും മികവ് തെളിയിച്ചു. ചെന്നൈയിലെ പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനം നടത്തി, അന്ന് സിബിഎസ്ഇ പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഎ ഓണേഴ്സ് പൂര്‍ത്തിയാക്കി, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് എംഎയും നേടി.

2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്ന യെച്ചൂരി, ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചും വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുമെതിരായും ശക്തമായ ഇടപെടലുകള്‍ നടത്തി. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സുപ്രധാന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. 1996 ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004 ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2014 മുതല്‍ ബിജെപി സര്‍ക്കാരിനെതിരായ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിലും നേതൃത്വം നല്‍കി.

2015-ൽ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസുകളിലും വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. “Left Hand Drive,” “What is Hindu Rashtra,” “Socialism in the 21st Century,” “Communalism versus Secularism,” “ഘൃണ കി രാജ്നീതി” (ഹിന്ദി) തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അദ്ദേഹം ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുള്ളതായിരുന്നു.

സീതാറാം യെച്ചൂരി, ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചും അവരുടെ നന്മയ്ക്കായി നിലകൊണ്ട നേതാവായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യയ്ക്ക് ഒരു വലിയ നഷ്ടമാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article