24.8 C
Kerala
Saturday, October 5, 2024

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ സർക്കാർ തടഞ്ഞിട്ടില്ല ; എന്താണ് യഥാർത്ഥ വസ്തുത?

Must read

അഡ്വ. കെ എസ് അരുൺകുമാർ എഴുതുന്നു

സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ തടഞ്ഞത്‌ LDF ഗവൺമെന്റ് ആണെന്നും അത് ചിലരെ രക്ഷിക്കാൻ മനപൂർവ്വം ചെയ്തതാണെന്നും ചില ഉത്തരവാദിത്തപ്പെട്ടവർ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ എന്താണ് യഥാർത്ഥ വസ്തുത ?

സിനിമ മേഖലയിൽ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിച്ചത് ഒന്നാം പിണറായി വിജയൻ സർക്കാറിൻ്റെ കാലത്ത് 16/11/2017 നാണ്. കമ്മീഷനു മുമ്പാകെ വന്ന മൊഴികൾ പുറത്താകാതിരിക്കാൻ ജാഗ്രത പുലർത്തി രണ്ടുവർഷം കൊണ്ടാണ്‌ സിനിമാമേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. സിറ്റിംഗുകൾ പൂർത്തികരിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചത് 31/12/2019 ലാണ്. മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഈ റിപ്പോർട്ട് പുറത്തു വിടുന്ന കാര്യത്തിൽ വലിയ ജാഗ്യത വേണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷൻ തന്നെ ഗവൺമെന്റിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 11/01/ 2020 ന് തിരുവനന്തപുരത്തെ ഒരു മാധ്യമപ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ തീർപ്പുകൽപ്പിച്ചാണ്‌ വിവരാവകാശകമീഷൻ ചെയർമാൻ വിൻസൻ എം പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ 22/1/2020 ൽ തടഞ്ഞത്‌. റിപ്പോർട്ടിൽ സ്വകാര്യ വിവരങ്ങളുള്ളതിനാൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും വിവരാവകാശ നിയമത്തിലെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് വിവരാവകാശകമ്മീഷൻ കമ്മീഷൻ ഈ നിലപാട്‌ സ്വീകരിച്ചത്‌.

തുടർന്ന്‌ 2020 ഫെബ്രുവരി മൂന്നിന്‌ വിവരാവകാശ നിയമപ്രകാരമുള്ള ആദ്യ അപ്പീലും 2020 ഫെബ്രുവരി 14ന്‌ രണ്ടാം അപ്പീലും നൽകി. 2020 ജൂൺ 6 ന് ഹിയറിങ്‌ നടത്തിയ ശേഷമാണ്‌ റിപ്പോർട്ട്‌ വിവരാവകാശ പ്രകാരം നൽകേണ്ടതില്ലെന്ന്‌ 22/10/2020 ൽ ഉത്തരവിട്ടത്‌. തുടർന്ന് വന്ന പല സമാന അപേക്ഷകൾക്കും വിവരാവകാശ കമ്മീഷൻ അപ്പീലേറ്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുകയാണുണ്ടായത്. കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ട് നിരവധി വിവരാവകാശ അപേക്ഷകൾ സാംസ്കാരിക വകുപ്പിന് ലഭിച്ചിരുന്നു.
അന്നത്തെ മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം പോളിന്റെ റിപ്പോർട്ട് പൊതു വിവരമാക്കരുതെന്ന് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് പിന്നീടുള്ള വിവരാവകാശ അപേക്ഷകൾ സാംസ്കാരിക വകുപ്പും നിരസിച്ചത്‌.

തുടർന്ന്‌ പുതിയ വിവരാവകാശ കമ്മീഷൻ ചുമതലയേറ്റു. ഹേമകമ്മീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ അപേക്ഷകൾ പുതുതായി അധികാരമേറ്റ കമീഷൻ ചെയർമാൻ അബ്ദുൾ ഹക്കീമിന്റെ മുന്നിലെത്തി. അദ്ദേഹം ജസ്റ്റിസ് ഹേമകമ്മീഷൻ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല എന്ന 2020 ലെ വിവരാവകാശ കമ്മീഷന്റെ ഉത്തരവ്‌ തള്ളി, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാറ്റിവെച്ച് റിപ്പോർട്ട്‌ പരസ്യപ്പെടുത്താൻ സർക്കാരിന്‌ നിർദേശം നൽകുകയായിരുന്നു.അത് 5/07/2024 നായിരുന്നു. തുടർന്ന് ജസ്റ്റിസ് ഹേമകമ്മീഷൻ റിപ്പോർട്ട് 23/7/2024 ന് പുറത്തുവിടുന്നതിനു വേണ്ടി ഗവൺമെന്റ് നോട്ടീസ് നൽകുകയും ആ നോട്ടീസിനെതിരെ സിനിമ മേഖലയിലെ ഒരു വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി താല്ക്കാലിക സ്റ്റേ അനുവദിച്ച ശേഷം പിന്നീട് ആ കേസ് തള്ളുകയും ചെയ്ത് കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാൻ ഗവൺമെന്റിന് ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തു.

തുടർന്ന് സിനിമ താരം രഞ്ജിനി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചെങ്കിലും 2024 ആഗസ്റ്റ് 19 ന് ജസ്റ്റിസ് ഹേമകമ്മീഷൻ റിപ്പോർട്ട് ഗവൺമെന്റ് പുറത്തുവിടുകയും ചെയ്തു.
ഹേമ കമ്മീഷൻ റിപ്പോർട്ട് ഗവൺമെന്റിനു ലഭിച്ച 31/12/2019 മുതൽ പുതിയ വിവരാവകാശ കമ്മീഷണർ ഈ റിപ്പോർട്ട് പരസ്യപ്പെടുത്താം എന്ന് ഉത്തരവിട്ട 5/7/2024 വരെയും പിന്നീട് ഹൈക്കോടതി റിപ്പോർട്ട് പുറത്തു വിടുന്നതിന് നൽകിയ സ്റ്റേ പിൻവലിച്ച 13/8/2024 വരെയും ഗവൺമെന്റിന് ഈ റിപ്പോർട്ട് പുറത്തു വിടാൻ കഴിയുമായിരുന്നില്ല. വസ്തുതകൾ ഇതായിരിക്കെ എങ്ങനെയെങ്കിലും ഗവൺമെന്റിനെതിരെ കുത്തിത്തിരുപ്പു വാർത്തകൾ എഴുതാൻ തയ്യാറായി ഇരിക്കുന്നവർ പതിവുപോലെ നുണപ്രചാരണവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഇച്ഛാശക്തിയോടെ ഇടപെട്ട സർക്കാരിന് ആ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കാനുള്ള കരുത്തുണ്ട്. നമുക്ക് ആ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കി സിനിമ മേഖലയിലെ ചൂഷണങ്ങളും വിവേചനങ്ങളും അസമത്വവും അവസാനിപ്പിക്കാൻ കഴിയണം. മറിച്ച് രാഷ്ടീയ – സങ്കുചിത ലക്ഷ്യത്തോടെ ബാലിശമായ ചർച്ചകൾ ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അനന്ത സാധ്യതകളെ ഇല്ലാതാക്കും.

അഡ്വ. കെ എസ് അരുൺകുമാർ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article