പുളിക്കൽ : ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും അനാഥമാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂർൽമല നിവാസികളെ കൈപ്പിടിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടി പുളിക്കൽ എ എം എം എൽ പി സ്കൂളിലെ കുരുന്നുകൾ സംഘടിപ്പിച്ച പായസ ചലഞ്ച് നാടിന് വേറിട്ടൊരനുഭവമായി.”തനിച്ചല്ല ,തനിച്ചാക്കില്ല ” എന്ന സന്ദേശം പകർന്നുകൊണ്ട് നാട്ടിലെ എല്ലാവരെയും പങ്കാളികളാക്കികൊണ്ടാണ് ചലഞ്ച് സംഘടിപ്പിച്ചത്. 1200 പേർക്കുള്ള പാലട പായസമാണ് വിദ്യാലയത്തിൽ തയ്യാറാക്കിയത്.ചലഞ്ചിലേക്ക് ആവശ്യമായ വിഭവങ്ങളെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു.ഇതുവഴി ശേഖരിക്കുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് മക്കളുടെ തീരുമാനം.കുട്ടികളോടൊപ്പം അധ്യാപകരും പി ടി എ യും ചേർന്നപ്പോൾ ലക്ഷ്യത്തിലെത്താൻ പ്രയാസപ്പെടേണ്ടിവന്നില്ല.പായസം പായ് ക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം മാതൃ സമിതി ഏറ്റെടുത്തതോടെ പായസ ചലഞ്ച് നാട്ടുകാർക്കും അവിസ്മരണീമായ അനുഭവമായി.വാർഡ് മെമ്പർ അസിഫ ഷമീർ, പി ടി എ പ്രസിഡന്റ് നുസ്റുദ്ധീൻ എറിയാട്ട്,മാനേജർ ബഷീർ അഹമ്മദ്,മാതൃസമിതി പ്രസിഡന്റ് ജബീന ഹെഡ് മാസ്റ്റർ സി.ബൈജു എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി
വയനാടിന് കൈത്താങ്ങാകാൻ പായസ ചലഞ്ചുമായി പുളിക്കൽ എ എം എം എൽ പി സ്കൂൾ
