27.8 C
Kerala
Saturday, October 5, 2024

സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

Must read

മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. 2000 മുതൽ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസും വാർധക്യസഹജമായ മറ്റ് രോഗങ്ങളുമാണ് അദ്ദേഹത്തെ പൊതു രംഗത്ത് നിന്ന് മാറിനിൽക്കാൻ നിർബന്ധിതനാക്കിയത്.

രണ്ടുതവണയായി 2000 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബംഗാളിലെ ഇടതുഭരണത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കൂടിയായിരുന്നു. 1944 മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിലായിരുന്നു ബുദ്ധദേബിൻ്റെ ജനനം. 1966-ൽ സിപിഐഎമ്മിൽ അംഗമായി 1968ൽ പശ്ചിമബംഗാൾ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1971ൽ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും 1982ൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1984ൽ സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ കേന്ദ്രകമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ ബുദ്ധദേബ് സിപിഐഎമ്മിൻ്റെ പൊളിറ്റിബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1977ലാണ് ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോസിപുരിൽനിന്നായിരുന്നു ആദ്യ വിജയം. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. 1987–96 കാലത്ത് വാർത്താവിനിമയ, സാംസ്കാരിക വകുപ്പ് മന്ത്രിയായും 1996–99 കാലത്ത് ആഭ്യന്തര വകുപ്പ് മന്ത്രിയായും ജ്യോതിബസു മന്ത്രിസഭയിൽ സേവനം അനുഷ്ടിച്ചു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. അതേ വർഷം നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുഖ്യ മന്ത്രിയായി. ഭാര്യ: മീര. മകൾ: സുചേതന.

ബുദ്ധദേബ് ഭട്ടാചാര്യയോടുള്ള ആദരസൂചകമായി സിപിഐഎം ആസ്ഥാനമായ എകെജി ഭവനിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണവാർത്ത ഞെട്ടിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പാർട്ടിയോടും ബംഗാളിനോടും ഉള്ള ബുദ്ധദേബിൻ്റെ ആത്മസമർപ്പണവും ദീർഘവീക്ഷണവും വലിയ മാതൃകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗം ഒരു കാലഘട്ടത്തിൻ്റെ അവസാനമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചെറുപ്പകാലം മുതൽ ഇടത് ആശയങ്ങളെ മുറുകെ പിടിച്ചുവെന്നും, മന്ത്രിയായും, മുഖ്യമന്ത്രിയായും, സ്ഥാനമില്ലാതെയും ജനങ്ങളോട് ഒപ്പം നിന്നുവെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. പാർട്ടിക്കും ബംഗാളിനും രാജ്യത്തിനും ബുദ്ധദേബ് നൽകിയ സംഭാവനകളെ നന്ദിയോടെ ഓർക്കുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article