26.8 C
Kerala
Saturday, October 5, 2024

കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ

Must read

കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ എസ്.സനിൽ ജോസിനെ 40,000 രൂപയും ഏജന്റായ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറിനെ 20,000 രൂപ കൈക്കൂലി വാങ്ങവെ മലപ്പുറം വിജിലൻസ് കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശിയായ പരാതിക്കാരന്റെ കുടുംബസ്വത്തായ 75 സെന്റ് സ്ഥലം ഭാഗപത്രം ചെയ്യുന്നതിലേക്കായി കഴിഞ്ഞ മാസം കൊണ്ടോട്ടി സബ് രജിസ്ട്രാറെ കണ്ടപ്പോൾ വസ്തു വിലയുടെ 10% തുകയായ 1,02,600 രൂപയുടെ സ്റ്റാമ്പ് വാങ്ങണമെന്ന് അറിയിച്ചു. ഭാഗപത്രമല്ലെ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ സാധിക്കില്ലേയെന്ന് പരാതിക്കാരൻ ചോദിച്ചപ്പോൾ ആധാരമെഴുത്തുകാരനായ അബ്ദുൾ ലത്തീഫിനെ ചെന്ന് കണ്ടാൽ അയാൾ വഴി പറഞ്ഞുതരുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ അബ്ദുൽ ലത്തീഫിനെ കാണുകയും സ്റ്റാമ്പ് ഡ്യൂട്ടി 1% മായി കുറച്ചു തരാമെന്നും അതിലേക്ക് 60,000 രൂപ കൈക്കൂലി തരണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് തൊട്ടടുത്ത ദിവസം സ്റ്റാമ്പ് വാങ്ങുന്നതിനും ഫീസിനത്തിലുമായി 30,000 രൂപയുമായി വരാനാവശ്യപ്പെടുകയും അതിൻ പ്രകാരം പരാതിക്കാരൻ 30,000 രൂപ തൊട്ടടുത്ത ദിവസം ആധാരമെഴുത്തുകാരനെ ഏൽപ്പിക്കുകയും ചെയ്തു. കൈക്കൂലി തുകയിൽ 40,000 രൂപ സബ് രജിസ്ട്രാർക്കും 20,000 രൂപ ഏജന്റിനുമുള്ളതാണെന്ന് അബ്ദുൾ ലത്തീഫ് അറിയിക്കുകയും, 04/07/2024ൽ ആധാരം പതിക്കുമെന്നും, തന്റെ ഓഫീസിലെ സ്റ്റാഫായ ബഷീറിനെ എല്ലാത്തിനും ഏർപ്പാടാക്കിയിട്ടുണ്ടെന്നും അറിയിച്ചു. അതിൻ പ്രകാരം ബഷീറിനെ വിളിച്ചപ്പോൾ ഇന്ന് ഉച്ചകഴിഞ്ഞ് കൈക്കൂലി തുകയായ 60,000 രൂപയുമായി കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് ശ്രീ. പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ശ്രീ. ഫിറോസ്. എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകുന്നേരം 04:00 മണിയോടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരനായ ബഷീർ പരാതിക്കാരനിൽ നിന്നും 60,000 രൂപ കൈക്കൂലി വാങ്ങി അതിൽ നിന്നും 40,000 രൂപ സബ് രജിസ്ട്രാറായ സനിൽ ജോസിന് കൈമാറിയ സമയം രണ്ട് പേരെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയാണുണ്ടയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി യെ കൂടാതെ ഇൻസ്പെക്ടർമാരായ ശ്രീ. ഗിരീഷ് കുമാർ, ശ്രീ. ജ്യോതീന്ദ്രകുമാർ, പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീ. ശ്രീനിവാസൻ, ശ്രീ.മോഹനകൃഷ്ണൻ, ശ്രീ.മധുസൂദനൻ, ശ്രീ.സജി, ശ്രീ.ഹനീഫ.ടി.ടി, പോലീസ് അസ്സി. സബ് ഇൻസ്പെക്ടർ ശ്രീമതി. രത്നകുമാരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ. വിജയകുമാർ, ശ്രീ.ഷൈജു, ശ്രീ.സന്തോഷ്, ശ്രീ.രാജീവ്, ഷറഫുദീൻ, ശ്രീ.ധനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.സുബിൻ, ശ്രീ. സനൽ, ശ്രീമതി.ശ്യാമ, ഡ്രൈവർമാരായ ശ്രീ.ഷിഹാബ്, ശ്രീ.സുനിൽ, ശ്രീ. അഭിജിത്ത് എന്നിവരുമുണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. ടി.കെ.വിനോദ് കുമാർ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article