23.8 C
Kerala
Wednesday, July 3, 2024

17 കൊല്ലവും പള്ളിപ്പറമ്പും

Must read

കഷ്ടപ്പാട് ഇഷ്ടപ്പെട്ട് പോകുന്ന പ്രവാസിയുടെ നൊമ്പരങ്ങൾ പല തൂലികയിലും പിറന്നതാണ്. എന്നാലും പള്ളിപ്പറമ്പിലേക്ക് നോക്കിയപ്പോൾ വീണ്ടും എഴുതണമെന്ന് തോന്നി. ചലനമില്ലാതെ കിടക്കുന്ന കുഞ്ഞിക്കയുടെ ഓർമകളാണ് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയത്. മൂന്ന് പെൺമക്കളെയും നല്ല നിലയിൽ കെട്ടിച്ചയച്ച് ഒരു വിശ്രമം ആവശ്യമായപ്പോൾ ഭാര്യയോട് ചോദിച്ചു….
എടീ…… ഞാൻ നാട്ടിലേക്ക് വന്നോട്ടെ? പെട്ടെന്നൊരു പൊട്ടിത്തെറിയായിരുന്നു മറുപടി.
നിങ്ങള് നാട്ടിൽ വന്നിട്ട് എന്ത് ചെയ്യാനാ? മോന്റെ വീട്ടുകാരോട് എന്തുപറയും. ബാപ്പ, ഒരു പണിയുമില്ലാതെ വീട്ടിൽ തന്നെയാണെന്നോ…..?
ഒരു കൊല്ലവും കൂടി അവിടെ നിന്നിട്ട് വന്നാൽ മതി,…..അല്ലെങ്കിൽ തന്നെ പിരിവുകാരെ കൊണ്ട് ഒരു സ്വൈര്യവുമില്ല. നിത്യവും രാവിലെ തന്നെ പലതരം പിരിവുകാരും കയറി വരും. അവർക്ക് തന്നെ ആയിരം മാറ്റിവയ്ക്കണം… പിന്നെ പള്ളിയിലെ മുസ്ല്യാരെ ചെലവും, മക്കളുടെ വീട്ടിലേക്ക് ഇടയ്ക്ക് പോകണം .അതിനൊക്കെ പൈസ വേണ്ടേ ?പൈസ ഇല്ലാതെ ഈ നാട്ടിൽ ജീവിക്കാൻ തന്നെ പറ്റില്ല ഇക്കാ……
അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുഞ്ഞിക്കയ്ക്ക് വല്ലാത്തൊരു ക്ഷീണം തോന്നിയപ്പോൾ ഫോൺ കട്ട് ചെയ്തു മൂപ്പര് കിടന്നു.

രാത്രിയുടെ നിശബ്ദതയിൽ തേങ്ങലുകൾ. കൂട്ടുകാർ കേൾക്കാതിരിക്കാൻ തലയിണയിൽ മുഖം അമർത്തിപ്പിടിച്ചു കിടന്നു. നേരം പരപരാ വെളുത്തിട്ടും എന്നും നേരത്തെ എഴുന്നേൽക്കാറുള്ള കുഞ്ഞികക്ക് ഇന്ന് എന്തുപറ്റി. ?കൂട്ടുകാരുടെ അടക്കം പറച്ചിൽ കേട്ടപ്പോൾ ഞാനൊന്ന് തൊട്ടു നോക്കി .തണുത്ത് മരവിച്ചു കിടക്കുന്ന ശരീരം. കയ്യിൽ ചെറിയൊരു ഡയറി മുറുക്കെ പിടിച്ചിട്ടുമുണ്ട്. പ്രവാസ ജീവിതത്തിൽ നാടിനും വീടിനും നേടിക്കൊടുത്ത കണക്ക് പുസ്തകമായിരുന്നു അത്. അസുഖങ്ങളുടെ കൂമ്പാരം തോളിലേറ്റിയുള്ള നടപ്പ്. ഒരു പാവം മനുഷ്യനായിരുന്നു അയാൾ.
ബോഡി വീട്ടിലേക്ക് കൊണ്ട് വരട്ടെ എന്ന് ഭാര്യയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ,അവിടെത്തന്നെ മറവ് ചെയ്തു കൂടെ എന്നായിരുന്നു. നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ പിന്നെയും പൈസയുടെ ചെലവല്ലേ….. അവരുടെ സ്വഭാവം അറിയുന്നതുകൊണ്ട് ഞാനൊന്നും തിരിച്ചു പറഞ്ഞില്ല.

പ്രവാസ ജീവിതത്തിന്റെ അവസാന ഭാഗം അങ്ങനെയൊക്കെ ആവുമെന്ന് മനസ്സിലാക്കി കൂട്ടുകാർ ചേർന്ന് കുഞ്ഞിക്കയുടെ മയ്യിത്ത് നാട്ടിൽ എത്തിച്ചു.
എത്ര പെട്ടെന്നാണ് 17 കൊല്ലം പള്ളിപ്പറമ്പിലേക്ക് എത്തിച്ചത്. ഒരു തേങ്ങലോടെ എല്ലാം ഓർത്തപ്പോൾ ധാരാളം മുഖങ്ങൾ മനസ്സിലേക്ക് ഓടി വന്നു……

വേർപാടുകൾ എന്നും വേദന ഉളവാക്കുന്നവയാണ്, അതിപ്പോൾ മരണമായാലും…… ഒറ്റപ്പെടുത്തലുകൾ ആയാലും. ഏകാന്തതയുടെ തടവറയിൽ കഴിയുമ്പോൾ എല്ലാം ശീലമായിക്കോളും എന്ന് ഞാൻ എൻ്റെ ഹൃദയത്തോട് മന്ത്രിക്കും. ആദ്യ ഇലകൾ കൊഴിയും . നേരം മരങ്ങളും. കരഞ്ഞിരിക്കും അല്ലേ….. സങ്കടത്തിന്റെ മാറാപ്പ് തോളിലേറ്റുമ്പോൾ വിദൂരതയിലേക്ക് കണ്ണുംനട്ട് ഒറ്റയിരിപ്പാണ്….. എന്നോടൊന്നപോലെ നിന്നോടും ഞാൻ പറയുന്നു. എല്ലാം വിധിയാണ് സങ്കടപ്പെടേണ്ട……

-സുബി വാഴക്കാടിൻറെ ചെറുകഥ-

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article