23.8 C
Kerala
Wednesday, July 3, 2024

കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് ഉജ്ജ്വല തുടക്കം

Must read

കൊണ്ടോട്ടി : നഗരസഭയുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നിന്നും ആരംഭിച്ച ജനകീയ ഘോഷയാത്രയോടെയാണ് കൊണ്ടോട്ടി വരവിന് കൊടിയേറിയത്.

ഗൃഹാതുരതയുണർത്തുന്ന സുപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയുടെ പുത്തൻ പതിപ്പിന് തുടക്കമിട്ട് ആരംഭിച്ച ‘കൊണ്ടോട്ടി വരവി'(കൊണ്ടോട്ടി ഫെസ്റ്റ് 2024)ന് മലപ്പുറം ജില്ലയിലെ ഇശലിന്റെ ഭൂമികയായ കൊണ്ടോട്ടിയിൽ ആവേശ്വോജ്ജ്വല തുടക്കം. പട്ടാമ്പി നേർച്ചയും മമ്പുറം നേർച്ചയും നിലമ്പൂർ പാട്ടുത്സവവും അങ്ങാടിപ്പുറം പൂരവുംപോലെ മലപ്പുറം ജില്ലയിൽ ജാതിമതഭേദങ്ങൾ ഏതുമില്ലാതെ കാലങ്ങളായി നടന്നുവന്നിരുന്ന ആണ്ടുനേർച്ചയാണ് കൊണ്ടോട്ടിയിലേത്.

സുപ്രസിദ്ധ സൂഫിയായ ഷേഖ് മുഹമ്മദ് ഷായുടെ മരണവുമായി ബന്ധപ്പെട്ടാണ് ആണ്ടുനേർച്ചക്ക് ആരംഭം കുറിക്കപ്പെട്ടത്. ഹിജ്റ വർഷം 1180 റബീഉൽ അവ്വൽ 14ന് (1766 ഓഗസ്റ്റ് 20) ആയിരുന്നു ഷാ തങ്ങൾ ഇഹലോകവാസം വെടിഞ്ഞത്. എന്നാൽ ചില പ്രതിസന്ധികളാൽ കഴിഞ്ഞ കുറച്ചു കാലമായി കൊണ്ടോട്ടി നിവാസികളുടെ സ്വന്തം ആഘോഷമായ നേർച്ച നിലച്ചിരിക്കുകയായിരുന്നു.

ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് കൊണ്ടോട്ടി നഗരസഭ, ജെ.സി.ഐ, റോട്ടറി കൊണ്ടോട്ടി, വ്യാപാരി വ്യവസായി എകോപന സമിതി എന്നിവയുൾപ്പെടെ കൊണ്ടോട്ടിയിലെ ഒട്ടുമിക്ക സംഘടനകളുടെയും ഒത്തൊരുമയോടെ ഈ ആഘോഷം വീണ്ടും നടത്താൻ പ്രോഗ്രാം കമ്മിയുടെ ആഭിമുഖ്യത്തിൽ തീരുമാനം കൈക്കൊണ്ടതും ഇന്ന് വൈകുന്നേരം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതും.

മെയ് 19ത് വരെ നീണ്ടു നിൽക്കുന്ന വർണാഭമായ ആഘോഷ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കൊണ്ടോട്ടി നിവാസികൾക്കെന്നല്ല, നേർച്ചയും പൂരവും ഉൾപ്പെടെയുള്ള സാംസ്‌കാരിക കൂട്ടായ്മകളെയെല്ലാം നെഞ്ചേറ്റുന്ന ഏതൊരു മനുഷ്യനും ഓർമ്മയിൽ സൂക്ഷിച്ചുവെക്കാവുന്ന ഒന്നാക്കി ആഘോഷത്തെ മാറ്റിയെടുക്കാനാണ് സംഘാടകർ കഠിനപരിശ്രമം നടത്തുന്നത്.

കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹ്റയുടെ അധ്യക്ഷതയിൽ രാത്രി എട്ടിന് നടന്ന കൊണ്ടോട്ടി വരവിന്റെ ഉദ്ഘാടനം എം.എൽ.എ ടി വി ഇബ്രാഹീം നിർവഹിച്ചു. കൊണ്ടോട്ടി നേർച്ചയെന്നാൽ പാരമ്പര്യവും പൈതൃകവും കൊണ്ടോട്ടിയുടെ സാംസ്‌കാരിക ഔന്ന്യത്യവുമെല്ലാം വിളിച്ചോതുന്ന ഒന്നാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടിയുടെ ജനതക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ഈ ആഘോഷമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരിപാടിയുടെ ഭാഗമായി നടന്ന നഗരം ചുറ്റിയുള്ള ഘോഷയാത്രക്ക് ലഭിച്ച ഗംഭീര സ്വീകരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൊണ്ടോട്ടിയുടെ വ്യാവസായിക വാണിജ്യ കാർഷിക മേഖലയിലെ ഉയർത്തെഴുന്നേൽപ്പിന് ആഘോഷം ഊർജ്ജം പകരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാടിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കാൻ കൊണ്ടോട്ടി വരവ് ആഘോഷ പരിപാടിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതന്ന് അധ്യക്ഷ ഫാത്തിമത്ത് സുഹറ പറഞ്ഞു. അബ്ദുറഹിമാൻ ഇണ്ണി, അഷ്റഫ് മടാൻ, പുളിക്കൽ അഹമ്മദ് കബീർ, അഡ്വ. കെ കെ സമദ്, ഇബ്രാഹീം കമ്പത്ത്, റംല കൊടവണ്ടി, സാഹിദ, സാലിഹ്, ശിഹാബ്, മുസ്തഫ ഷാദി, പി സി മണി, എ ജി പ്രഭാകരൻ, പി ഇ സാദിഖ്, ഇ എം റഷീദ് തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യയിലെ പ്രമുഖരായ 24 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന എജ്യു ഫെസ്റ്റ്, ബിസിനസ്സ് എക്സ്പോ, ഓട്ടോ ഷോ, ഫുഡ് ഫെസ്റ്റ്, സിനിമാറ്റിക് ഡാൻസ്, കോമഡി ഷോ, ഒപ്പന, കോൽക്കളി, നാടോടി നൃത്തം, മുട്ടിപ്പാട്ട്, ഡിജെ നൈറ്റ്, ഡാൻസ് ഫ്യൂഷൻ, കുടുംബശ്രീ നാട്ടരങ്ങ്, മ്യൂസിക് ബാന്റ്, ഗാനമേള, ഇഷ്‌കെ രാത്ത് ഖവാലി, പാട്ട് രാവ്, മീഡിയ സെമിനാർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിനങ്ങളിലായി നടക്കും. മെയ് നാലിന് വെകുന്നേരം നാലിന് നടന്ന വിളംബര ഘോഷയാത്രയ്ക്കും ആറിന് നടന്ന സാംസ്‌കാരിക സമ്മേളനത്തിനും രാത്രി എട്ടിന് നടന്ന ഡിജെ നൈറ്റിനുമെല്ലാം സംഘാടകർ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. ഉദ്ഘാടന ദിനത്തിൽതന്നെ പരിപാടി ഗംഭീര വിജയമായി മാറുന്ന കാഴ്ചയാണ് കൊണ്ടോട്ടിയിൽനിന്ന് കാണാനാവുന്നത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article