25.8 C
Kerala
Saturday, July 6, 2024

എന്തുകൊണ്ട് ഇടതുപക്ഷം ; പ്രമുഖരുടെ പ്രതികരണം

Must read

എം കെ സാനു
സാമ്രാജ്യത്വം സർവവിധമായ ചൂഷണത്തോടും ഭീകരതയോടുംകൂടി ഇന്ന്‌ വളർന്നിട്ടുണ്ട്‌. അവരുടെ താൽപ്പര്യമനുസരിച്ച്‌ ജനങ്ങളെ ചിന്താശൂന്യരാക്കാനും അന്ധവിശ്വാസമുള്ളവരാക്കാനും സംഘടിതമായ പരിശ്രമം നടക്കുന്നു. ജനതയെ മൂഢവിശ്വാസികളാക്കി മാറ്റാൻ ശ്രമിക്കുന്ന ഇന്നത്തെ ഭരണകക്ഷിയും ശാസ്‌ത്രീയവീക്ഷണവും പുരോഗമനചിന്തയും വളർത്തിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷകക്ഷികളും തമ്മിലെ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഇനിയും ചിന്താശീലം നശിച്ചിട്ടില്ലാത്ത മനുഷ്യത്വവിശ്വാസികൾ ബിജെപിയെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി, രംഗത്തുവരേണ്ട സന്ദർഭമാണിത്‌. മനുഷ്യന്റെ ഭാവിയിൽ വിശ്വസിക്കുന്ന ഒരു എളിയ വ്യക്തിയെന്ന നിലയിൽ ഞാൻ അത് ആഗ്രഹിക്കുന്നു.

എം മുകുന്ദൻ
ജനാധിപത്യവ്യവസ്ഥയിൽ വിലപിടിച്ചത്‌ ഭരണഘടനയാണ്‌. അതുപോലും തിരുത്തുമെന്ന സൂചന വരുന്നുണ്ട്‌. നമ്മുടെ വോട്ട്‌ ഭരണഘടനയുടെ പരിരക്ഷയ്‌ക്കുവേണ്ടിയാകണം. പോളിങ് ബൂത്തിലേക്ക്‌ പോകുമ്പോൾ ഇക്കാര്യം ഓർമിക്കണം. രാജ്യത്തിന്റെ ഭാവിക്കുവേണ്ടി ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യുക. അതൊരു കടമമാത്രമല്ല, വലിയൊരു ഉത്തരവാദിത്വമാണ്‌. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഒരുപാട്‌ പ്രതിസന്ധികളിൽനിന്ന്‌ നമ്മെ രക്ഷപ്പെടുത്താനുള്ള മാർഗമാണത്‌. ലോക്‌സഭയിൽ ഇടതുപക്ഷം ഉണ്ടാകണം.

കെ സച്ചിദാനന്ദൻ
ഇന്ത്യൻ ജനാധിപത്യം സ്വാതന്ത്ര്യാനന്തരം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്‌. ഭരണഘടനയുടെ അടിസ്ഥാനമായ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവ വെല്ലുവിളി നേരിടുകയാണ്‌. ഇന്ത്യ എന്ന സ്വപ്‌നം തകരാതിരിക്കണമെങ്കിൽ, സാമൂഹ്യസമത്വത്തിലും സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇടതുപക്ഷത്തെ പിന്തുണയ്‌ക്കുകയും അതിനെ പുതിയ ഭരണസംവിധാനത്തിന്റെ ഭാഗമാക്കുകയും വേണം.

കെ ആർ മീര
ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും നിലനിർത്താൻ ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷം പരമാവധി കരുത്തോടെ സാന്നിധ്യം അറിയിക്കേണ്ട കാലമാണിത്. കഴിഞ്ഞ പാർലമെന്റിൽ ഇടതുപക്ഷത്തിന്‌ കൂടുതൽ അംഗബലമുണ്ടായിരുന്നെങ്കിൽ ജനദ്രോഹപരവും ജനാധിപത്യമൂല്യങ്ങളെ തകിടംമറിക്കുന്നതുമായ പല നിയമങ്ങളും പാസാക്കുമായിരുന്നില്ല.

ബെന്യാമിൻ
ഇടതുപക്ഷ ആശയം എന്ന്‌ നഷ്ടപ്പെടുന്നുവോ അവിടെ വർഗീയകലാപങ്ങൾ ഉണ്ടാകും. അതിനാണ് ബിജെപി ശ്രമിക്കുന്നത്. എത്ര സംസ്ഥാനത്ത് ഭരിക്കുന്നു എന്ന് നോക്കിയല്ല ഒരാശയത്തിന്റെ ശക്തി വിലയിരുത്തേണ്ടത്. എത്രമാത്രം ജനങ്ങളിൽ പ്രതിരോധമായി അത് നിലനിൽക്കുന്നു എന്നത് നോക്കുമ്പോൾ ഇടതുപക്ഷ ആശയത്തിന് വലിയ പ്രസക്തിയുണ്ട്. ജെഎൻയു ഉൾപ്പെടെ സ്ഥാപനങ്ങളിൽ ഇടതുപക്ഷം ഇപ്പോഴും പൊരുതിവിജയിക്കുന്നു. ആ ആശയം ഇപ്പോഴും ഇന്ത്യയുടെ മണ്ണിൽ വേറിട്ടുനിൽക്കുന്നുണ്ടെന്നത് ഏവർക്കും സമ്മതിക്കേണ്ടിവരും. അതൊരു വലിയ പ്രതീക്ഷയുമാണ്.

ഇപ്പോൾ രണ്ട്‌ വാക്ക് ഉച്ചരിക്കണമെങ്കിൽ, രണ്ട്‌ വരി എഴുതണമെങ്കിൽ മൂന്നുതവണ ആലോചിക്കേണ്ട അവസ്ഥയാണ്. സാംസ്കാരികസ്ഥാപനങ്ങളുടെമേലുള്ള കടന്നുകയറ്റം സി രാധാകൃഷ്ണനെപ്പോലുള്ള ഒരു എഴുത്തുകാരനെ കേന്ദ്ര സാഹിത്യ അക്കാദമിയിൽനിന്ന് രാജിവയ്ക്കേണ്ട അവസ്ഥയിലെത്തിച്ചു. നമ്മുടെ ശബ്ദവും ആവശ്യങ്ങളും നിയമനിർമാണവേദികളിൽ കേൾപ്പിക്കാൻ കേരളത്തിൽനിന്ന് പോയ മിക്ക എംപിമാർക്കും കഴിഞ്ഞിട്ടില്ലെന്നത് ഗൗരവമായി കാണണം. മൗനമായി പിൻവാങ്ങുകയായിരുന്നു അവർ. കോൺഗ്രസ് നേതൃത്വത്തിന് ലക്ഷ്യബോധവും ഇന്ത്യൻ ജനതയെക്കുറിച്ച് തിരിച്ചറിവുമില്ല. പ്രാദേശിക കക്ഷികൾ നേടിയ ജനവിശ്വാസംപോലും കോൺഗ്രസിന് ലഭിക്കുന്നില്ല. അവരെ ചേർത്തുനിർത്തണം. ഇത് രാഹുൽ ഗാന്ധി ഉൾപ്പെടെ നേതാക്കൾ തിരിച്ചറിയുന്നില്ല.

ടി ഡി രാമകൃഷ്‌ണൻ
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിത്‌. രാജ്യം മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി തുടരണമോ വേണ്ടയോ എന്നത്‌ തീരുമാനിക്കുന്നത്‌ ഈ തെരഞ്ഞെടുപ്പാണ്‌. വർഗീയ ഫാസിസം ഏതാണ്ട്‌ ഉന്മാദമായ അവസ്ഥയിലേക്ക്‌ എത്തി. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും എന്തിനേറെ പറയുന്നു, മനുഷ്യത്വത്തിനുപോലും കനത്ത വെല്ലുവിളികളാണ്‌ നേരിടേണ്ടിവരുന്നത്‌.

ഇത്തരം സാഹചര്യത്തിൽ വർഗീയ ഫാസിസത്തെ വിട്ടുവീഴ്‌ചയില്ലാതെ പ്രതിരോധിക്കാൻ കഴിയുക ഇടതുപക്ഷത്തിനുമാത്രമാണ്‌. ഒരുതരത്തിലുള്ള പ്രലോഭനങ്ങൾക്കും വശംവദരാകാതെ ജനങ്ങളുടെ പ്രശ്‌നങ്ങളെ, ജനാധിപത്യത്തെ, മതനിരപേക്ഷതയെ ഇന്ത്യൻ പാർലമെന്റിൽ ഉയർത്തിപ്പിടിക്കാൻ കരുത്തുള്ളവരാണ്‌ ഇടതുപക്ഷം. അതുകൊണ്ട്‌ രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളും ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ രംഗത്തിറങ്ങണം.

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌
മദിരാശി യാത്രയ്ക്കിടയിൽ തിരുമേനിയുടെ പെട്ടി ആരോ മോഷ്ടിച്ചു. ഇതറിഞ്ഞിട്ടും മൂപ്പർക്ക് ഒരു കുലുക്കവും കണ്ടില്ല. ചോദിച്ചപ്പോൾ, തിരുമേനി തന്റെ എളിയിൽനിന്ന് താക്കോലെടുത്തുകാണിച്ച് ഇങ്ങനെ പറഞ്ഞു: ‘പെട്ടി കട്ടുകൊണ്ടുപോയിട്ടെന്ത് ചെയ്യാനാ ആ ശുംഭൻ! താക്കോൽ എന്റെ കൈയിലല്ലേ’ രാജ്യത്ത് വൈകാതെ വരാൻ പോകുന്ന ഒരു മാമാങ്കവുമായി ചേർത്ത് ഈ കഥയൊന്ന് വായിച്ചുനോക്കൂ, എന്തെങ്കിലും കാര്യങ്ങൾ തോന്നുന്നുണ്ടോ?.

ആർ രാജഗോപാൽ (എഡിറ്റർ അറ്റ്‌ ലാർജ്‌, ദ ടെലഗ്രാഫ്‌)
പാലം കെട്ടി, റോഡ്‌ കൊണ്ടുവന്നു, ഫാക്ടറി പണിതു എന്നൊക്കെ പറഞ്ഞ്‌ വികസനത്തിന്റെ പേരിൽ അരാഷ്ട്രീയവൽക്കരിക്കേണ്ട തെരഞ്ഞെടുപ്പല്ല ഇത്തവണത്തേത്‌. നിലപാടുകളുടെ തെരഞ്ഞെടുപ്പാണിത്‌ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള നിലപാട്‌ എന്തെന്നതാണ്‌ ചോദ്യം. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർഥികൾതന്നെയാണ്‌ ദേശീയതലത്തിലുള്ള ഈ രാഷ്ട്രീയം വളരെ വ്യക്തമായും ഒട്ടും സങ്കോചമില്ലാതെയും പറയുന്നത്‌. അതിന്റെ മുൻപന്തിയിൽ കെ കെ ശൈലജ, ആനി രാജ, സുനിൽകുമാർ തുടങ്ങി ഒട്ടുമിക്കവരുമുണ്ട്‌. മറ്റുള്ളവർ പ്രാദേശികവിഷയങ്ങളിലേക്ക്‌ ചുരുങ്ങിയോ എന്ന്‌ സംശയം. കാരണം, മുസ്ലിങ്ങളുടെ വിഷയം പറഞ്ഞ്‌ സംസാരിക്കാൻ പലർക്കും ഒരു അന്തർമുഖത! കേരളത്തിൽ ഇത്‌ സംസാരിച്ചാൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ വിലകൊടുക്കേണ്ടിവരുമോ എന്ന ഭയം. വസ്തുതകൾ ചൂണ്ടിക്കാട്ടുമ്പോൾ മറ്റാരെങ്കിലും എതിരാകുമോ എന്ന ഭയം അനാവശ്യമാണ്‌. ഇത്‌ പ്രാദേശിക തെരഞ്ഞെടുപ്പല്ല. ദേശീയ രാഷ്ട്രീയംതന്നെയാണ്‌ സംസാരിക്കേണ്ടത്‌. ഇടതുപക്ഷം ഇക്കാര്യത്തിൽ കൃത്യമായ നിലപാട്‌ എടുത്തു.

എസ്‌ ശാരദക്കുട്ടി
ഇടതുപക്ഷം നിർത്തിയ എല്ലാ സ്ഥാനാർഥികളും ഉന്നത രാഷ്ട്രീയബോധം പുലർത്തുന്നവരാണ്‌. കാര്യങ്ങൾ രാഷ്ട്രീയമായി കാണാൻ കഴിയുന്ന അവർക്ക്‌ ഉയർന്ന രാഷ്ട്രീയവിനിമയ ശേഷിയുണ്ട്‌. അങ്ങനെയുള്ളവർ വേണം പാർലമെന്റിലെത്താൻ. പാട്ടും നാടകവും അതിനാടകീയതയുമൊന്നും ഇടതുപക്ഷ സ്ഥാനാർഥികളുടെ ശൈലിയല്ല.

കേരളത്തിന്റെ ആവശ്യങ്ങൾ പാർലമെന്റിൽ പ്രകടിപ്പിക്കാൻ വാക്‌ചാതുരിയുള്ളവരാണ്‌ തങ്ങളെന്ന്‌ തെളിയിച്ചവരാണ്‌ എല്ലാ ഇടതുപക്ഷ സ്ഥാനാർഥികളും. ഭൂരിപക്ഷ വർഗീയത കത്തിനിൽക്കുന്ന, അങ്ങേയറ്റം അപകടകരമായ കാലത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. സമൂഹമാധ്യമങ്ങളിലൂടെ അടക്കം ന്യൂനപക്ഷത്തിനെതിരായ പ്രചാരണങ്ങൾ നടക്കുന്നു. ഇതിനെതിരെ സംസാരിക്കാൻ, കഴിവ്‌ തെളിയിച്ച ഇടതുപക്ഷ സ്ഥാനാർഥികളെ ജയിപ്പിക്കണം. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അവർ ശക്തമായ സാന്നിധ്യമായി ഉണ്ടാകണം.

രൺജി പണിക്കർ
എനിക്ക്‌ നരേന്ദ്ര മോദിയിൽ വിശ്വാസമാണ്‌. മോദി പ്രധാനമന്ത്രിയാകുന്നതിനുമുമ്പും ശേഷവും പറഞ്ഞ കാര്യങ്ങൾ നമ്മുടെ മുന്നിലുണ്ട്‌. അദ്ദേഹം പറഞ്ഞത്‌ വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ച ഇന്ത്യയിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്നാണ്‌; കൊണ്ടുവന്നില്ല! നോട്ട്‌ നിരോധനത്തിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കുമെന്നും പറഞ്ഞു; അല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും. നരേന്ദ്ര മോദി ജീവിച്ചിരിപ്പുണ്ട്‌. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായില്ല എന്നുമാത്രമല്ല, ലോകത്തിലെ സാമ്പത്തികശക്തികൾക്കുമുന്നിൽ രാജ്യം മുട്ടുമടക്കിനിൽക്കുകയാണ്‌.

മധുപാൽ
മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം നിലനിൽക്കാനും ഇടതുപക്ഷത്തിന്റെ വിജയം അത്യാവശ്യമാണ്‌. അപരമതവിദ്വേഷവും വ്യാജപ്രചാരണങ്ങളും ഇല്ലാതെയാക്കാൻ കഴിയുന്ന ഒരു ഭരണമാണ് നമുക്കാവശ്യം. ചോദ്യംചെയ്യുന്ന പാർലമെന്റേറിയൻമാർ ഉണ്ടാകണം. ഇടതുപക്ഷത്തിന്‌ അതിന്‌ ആർജവമുണ്ട്‌. അതിനാൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ പാർലമെന്റിൽ എത്തിക്കേണ്ടത്‌ ജനാധിപത്യവിശ്വാസികളുടെ ഉത്തരവാദിത്വംകൂടിയാണ്‌. രാജ്യത്തിന്റെ സ്ഥിതി എന്താകുമെന്നു പറയാൻ കഴിയാത്ത സാഹചര്യമാണ്‌. കാര്യങ്ങൾ തിരിച്ചറിഞ്ഞ്‌ അതിനെയെല്ലാം മറികടക്കാൻ ജനാധിപത്യവിശ്വാസികൾ വോട്ടെടുപ്പിനെ ഉപയോഗിക്കണം

കുരീപ്പുഴ ശ്രീകുമാർ
ഈ തെരഞ്ഞെടുപ്പിന്‌ ശക്തമായ ഒരു സാംസ്‌കാരികമുഖംകൂടിയുണ്ട്. ആ മുഖത്ത് തെളിയുന്ന അരുണാഭ ഇടതുപക്ഷത്തിന്റേതാണ്. പ്രതീക്ഷയുടെ പെരുമ്പറ മുഴക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെയും പ്രതീക്ഷ ഇടതുപക്ഷമാണ്. കോവിഡ് കാലത്ത് കലാപരിപാടികളെല്ലാം നിർത്തിവയ്ക്കേണ്ടിവന്നപ്പോൾ ഇടതുപക്ഷമാണ് അവർക്ക് രക്ഷാകവചമായത്. നാടകസംഘങ്ങൾക്ക് നിലനിൽപ്പിന്‌ ധനസഹായം നൽകിയതും നാട്ടുകലാകാരന്മാർക്ക് പെൻഷനും മറ്റ്‌ സുരക്ഷാപദ്ധതികളും നടപ്പാക്കിയതും ഇടതുപക്ഷമാണ്. ഇവരെ അറിഞ്ഞാദരിക്കാൻ ഫോക്‌ലോർ അക്കാദമി ശ്രദ്ധിച്ചിട്ടുണ്ട്. പ്രായാധിക്യത്താൽ എഴുതിത്തളർന്നവരെയും വേദികളിൽ കാലിടറിയവരെയും പെൻഷനടക്കം സുരക്ഷാപദ്ധതികളിൽപ്പെടുത്തി ഇടതുപക്ഷം തണൽ നൽകി.കേന്ദ്ര സാഹിത്യ അക്കാദമി ഡൽഹിയിൽ നടത്തിയ സാഹിത്യോത്സവത്തേക്കാൾ മികച്ചതായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം.

കെ പി രാമനുണ്ണി
ഇടതുപക്ഷമായിരിക്കുക എന്നത്‌ ഒരു കക്ഷിരാഷ്‌ട്രീയ കാര്യമല്ല. മനുഷ്യനായി അവശേഷിക്കാനുള്ള തീരുമാനംകൂടിയാണ്‌. ലോകത്തിനുവേണ്ടി, രാജ്യത്തിനുവേണ്ടി, നമ്മുടെയെല്ലാം കുഞ്ഞുകുട്ടികൾക്കുവേണ്ടി.അപകടകരമായൊരു ചരിത്രസന്ധിയിലേക്കാണ്‌ ഇന്ത്യ കൂപ്പുകുത്തുന്നത്‌. ജനങ്ങളെ വർഗീയമായി വിഭജിക്കാൻ നീചമായ നീക്കം നടക്കുന്നു. ഈ ദുരന്തത്തിൽനിന്ന്‌ കുതറിമാറാനുള്ള അവസരമാണ്‌ തെരഞ്ഞെടുപ്പ്‌. ഇടതുപക്ഷ കക്ഷികളെമാത്രമാണ്‌ ജനങ്ങൾക്ക്‌ വിശ്വസിക്കാനാകുന്നത്‌.കഴിയുന്നത്ര ഇടതുപക്ഷ സ്ഥാനാർഥികളെ പാർലമെന്റിൽ എത്തിക്കുക എന്നത്‌ ജീവന്മരണപ്രശ്‌നമാണ്‌. ഏത്‌ പ്രതിപക്ഷ ഐക്യത്തിനും വീക്ഷണ വ്യക്തതയും കെട്ടുറപ്പും ഉണ്ടാകണമെങ്കിൽ പ്രബലമായ ഇടതുപക്ഷസാന്നിധ്യം അനിവാര്യമാണ്‌.

കെ അജിത
ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ ഓരോരുത്തരും ആർക്ക്‌ വോട്ട്‌ ചെയ്യണമെന്ന ചോദ്യത്തിന് മറുപടി കണ്ടെത്തേണ്ടതുണ്ട്. വിവിധ ജാതി–-മതസ്ഥർ തുല്യപദവിയിൽ ജീവിച്ചിരുന്ന ഇന്ത്യയെ സവർണ ഹിന്ദുത്വ ഫാസിസത്തിലൂടെ ദശാബ്ദങ്ങൾക്കുപിറകിലേക്ക് വലിക്കുകയാണ് ബിജെപി. പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസിൽ പ്രതീക്ഷയില്ല. ബിജെപിയെ വളർത്തിയതിൽ അവരുടെ ഹിന്ദുപ്രീണനവും പ്രധാന കാരണമാണ്. ഈ സാഹചര്യത്തിൽ ഇടതുപ്രസ്ഥാനങ്ങളാണ് ഇന്ത്യയിൽ ശക്തമായ ചെറുത്തുനിൽപ്പ്‌ ഉയർത്തുന്നത്. കേരളത്തിലെ ഇടതുസർക്കാരിന്റെ പല നയങ്ങളോടും വിമർശനാത്മക സമീപനമുണ്ടെങ്കിലും ബിജെപി നയങ്ങളോട് അഴകൊഴമ്പൻനയം സ്വീകരിക്കുന്ന കോൺഗ്രസ്‌ എനിക്ക് ഒരു ഓപ്ഷനേ അല്ല. എന്റെ വോട്ട് ഇടതുപക്ഷത്തിനുതന്നെ.

സുധീർ കരമന
ഭരണഘടന വിഭാവനം ചെയ്‌തതുപോലെ എല്ലാ ജാതി മതസ്ഥരെയും ഒരുപോലെ കാണേണ്ട രാജ്യമാണ്‌ നമ്മുടേത്‌. അതിനെ അപകടപ്പെടുത്തുന്ന കാര്യങ്ങളാണിന്ന്‌. 2029 ആകുമ്പോഴേക്ക്‌ ഭരണഘടനയെത്തന്നെ എടുത്തുകളയുമോ എന്ന ആശങ്ക എനിക്കുണ്ട്‌. ഫാൻസ്‌ അസോസിയേഷൻപോലെ എന്തിനെയും കീഴടക്കാൻ കഴിയുന്ന മാന്ത്രികവിദ്യകളും ചക്രവർത്തിഭരണംപോലെ എതിരാളികളെ ഏതു രീതിയിലും നശിപ്പിക്കണമെന്ന പ്രവണതയുമാണ്‌ കാണുന്നത്‌. നാനൂറിലധികം സീറ്റുകൾ നേടുമെന്നൊക്കെ അഹങ്കാരത്തോടെ പറയുന്നവരുണ്ട്‌. 400 സീറ്റിനുമുകളിൽ ഒരു പാർടിയുടെ അംഗങ്ങൾ ഇരുന്ന പാർലമെന്റാണിത്‌. അവർ ഇപ്പോൾ പത്തുശതമാനം ഉണ്ടോയെന്ന്‌ നോക്കിയാൽ മതി.അനീതികളെ നേരിടാൻ കഴിയുന്നത്‌ ഇടതുപക്ഷത്തിനും ഇടതുപക്ഷ ചിന്താഗതിയുള്ളവർക്കും മാത്രമാണ്‌. തെറ്റായ പ്രവണതയ്‌ക്കെതിരെ എപ്പോഴും ശബ്ദമുയർത്താൻ ഇടതുപക്ഷത്തിനേ കഴിയാറുള്ളൂ.

പി പി കുഞ്ഞിക്കൃഷ്‌ണൻ
സാധാരണജനങ്ങളുടെ ജീവിതം ദിവസംതോറും ദുസ്സഹമാകുകയാണ്. ഇന്ധനവില കഴിഞ്ഞ പത്തുവർഷത്തിനിടെ നൂറുശതമാനം വർധിച്ചു. കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് ഏറെ ദോഷമാണ്‌. പാചകവാതക സബ്സിഡി എല്ലാവരുടെയും അക്കൗണ്ടിലേക്ക്‌ വരുമെന്നു പറഞ്ഞിട്ട്‌ സബ്സിഡിതന്നെ ഇല്ലാതാക്കി. റേഷനരി വിഹിതം കേന്ദ്രം കൃത്യമായി നൽകുന്നില്ല. പൗരത്വനിയമം അടിച്ചേൽപ്പിക്കുകയാണ്‌. സാഹോദര്യവും സമത്വവും പുലരാൻ, വർഗീയതയെ ചെറുക്കുന്നതിന്‌ നേതൃപരമായ പങ്കുവഹിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന്‌ തെളിയുകയാണ്.

പ്രേംകുമാർ
സാധാരണജനങ്ങളുടെ ജീവിതം ദിവസംതോറും ദുസ്സഹമാകുകയാണ്. ഇന്ധനവില കഴിഞ്ഞ പത്തുവർഷത്തിനിടെ നൂറുശതമാനം വർധിച്ചു. കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് ഏറെ ദോഷമാണ്‌. പാചകവാതക സബ്സിഡി എല്ലാവരുടെയും അക്കൗണ്ടിലേക്ക്‌ വരുമെന്നു പറഞ്ഞിട്ട്‌ സബ്സിഡിതന്നെ ഇല്ലാതാക്കി. റേഷനരി വിഹിതം കേന്ദ്രം കൃത്യമായി നൽകുന്നില്ല. പൗരത്വനിയമം അടിച്ചേൽപ്പിക്കുകയാണ്‌. സാഹോദര്യവും സമത്വവും പുലരാൻ, വർഗീയതയെ ചെറുക്കുന്നതിന്‌ നേതൃപരമായ പങ്കുവഹിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന്‌ തെളിയുകയാണ്.

അമൽ നീരദ്
മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളോടെ രാജ്യം നിലനിൽക്കണമോ എന്നതാണ്‌ തെരഞ്ഞെടുപ്പിൽ ഉയരുന്ന ഏറ്റവും പ്രധാനചോദ്യം. ഭരണഘടനയുടെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെട്ട എത്രയോ സന്ദർഭങ്ങളിലൂടെ രാജ്യം കടന്നുപോയി. ഫെഡറലിസത്തെ തകർക്കുംവിധം സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളിലേക്ക്‌ കടന്നുകയറ്റത്തിലൂടെ, തങ്ങൾക്ക്‌ വഴിപ്പെടാത്തതിനെയെല്ലാം തച്ചുതകർക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. ഇപ്പോൾ പുറത്തുവന്ന ഇലക്ടറൽ ബോണ്ടിന്റെ വിവരങ്ങളും ഞെട്ടിക്കുന്നതാണ്‌. പണത്തിനും സ്വാധീനങ്ങൾക്കും വഴിപ്പെട്ട്‌ കോൺഗ്രസ്‌ നേതൃനിരയാകെ ബിജെപിയിലേക്ക്‌ ചേക്കേറുന്നുവെന്നത്‌ അപകടകരമായ സ്ഥിതിവിശേഷമാണ്‌. ഈ സാഹചര്യത്തിൽ ഇടതുപക്ഷ പാർടികളിൽ മാത്രമാണ്‌ രാജ്യത്തിന്‌ വിശ്വാസമർപ്പിക്കാനുള്ളത്‌.

യോഗേന്ദ്ര യാദവ്‌
ഈ രാജ്യത്ത്‌ നമ്മൾ ഇടതുപക്ഷത്തിന്റെ റോൾ വിലകുറച്ചുകണ്ടു എന്നാണ്‌ എനിക്ക്‌ ഇപ്പോൾ തോന്നുന്നത്‌. അവർ ജനാധിപത്യത്തെ ആഴമുള്ളതാക്കി. ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിന്റെമാത്രം ഇടതുപാർടികളുടെ സംഭാവനകളെ അളക്കരുത്‌. പൊതുസംസ്‌കാരത്തിന്‌ അവരുടെ സംഭാവന വളരെ വലുതാണ്‌. ഇടതുപക്ഷം നമുക്ക്‌ മികച്ച ചിന്തകരെ തന്നു.

രാജ്യത്തെ ഉന്നതകലാകാരന്മാരിൽ ചിലരെ തന്നു. മികച്ച അധ്യാപകരെ തന്നു. ഇടതുപക്ഷം കാരണമാണ്‌ പഞ്ചാബിന്‌ ആഴമുള്ള ജനാധിപത്യസംസ്‌കാരമുണ്ടായത്‌. ഇടതുപക്ഷംമൂലമാണ്‌ തെലങ്കാനയ്‌ക്ക്‌ പൊതുപ്രതിരോധത്തിന്റെ സംസ്‌കാരമുണ്ടായത്‌. ഇടതുപക്ഷംമൂലമാണ്‌ കേരളം, ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിരോധം രൂപപ്പെട്ടത്‌. ഇടതുപക്ഷം രാജ്യത്തിന്റെ പ്രതിരോധശക്തിയുടെയും വീണ്ടെടുപ്പിന്റെയും വളരെ നിർണായക ഭാഗമാണ്‌. വോട്ടിന്റെയും സീറ്റിന്റെയും അടിസ്ഥാനത്തിൽമാത്രം ഇടതുപക്ഷത്തിന്റെ ശക്തി വിലയിരുത്തരുത്‌. നമ്മുടെ റിപ്പബ്ലിക്കിനെ തിരിച്ചെടുക്കാൻ ഇടതുപക്ഷത്തിന്‌ നിർണായക റോൾ വഹിക്കാനുണ്ട്‌

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article