31.8 C
Kerala
Saturday, October 5, 2024

രാഷ്ട്രത്തിനും ജനങ്ങള്‍ക്കും എതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കും : പിണറായി വിജയന്‍

Must read

കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയോട് ചേര്‍ന്നു നില്‍ക്കാന്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ ബിജെപി ജയിക്കില്ലെന്നും ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങള്‍ക്ക് സംഘപരിവാറിനോടുള്ള എതിര്‍പ്പും സംഘപരിവാര്‍ ഞങ്ങളുടെ നേരെ നടത്തുന്ന ഹിംസാത്മകമായ ആക്രമണങ്ങളും നാടിനും ജനങ്ങള്‍ക്കുമറിയാം. കോണ്‍ഗ്രസ് സംഘപരിവാറുമായി സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്ന് രാജ്യത്തിനും കേരളത്തിനും അനുഭവമുണ്ട്. കേരളത്തില്‍ 2016 ലെ നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. നേമത്ത് നിന്നായിരുന്നു അത്. 2011 ല്‍ നേമത്ത് 17.38 ശതമാനം വോട്ട് യുഡിഎഫിനുണ്ടായിരുന്നു. 2016ല്‍ അത് 9.7 ശതമാനമായി കുറഞ്ഞു. ഈ കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെപോയതാണ്. ഈ കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടിയപ്പോഴാണ് ബിജെപി അക്കൗണ്ട് തുറന്നത്. സ്വന്തം വോട്ട് ദാനം ചെയ്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഉണ്ടാക്കിയവരാണ് കോണ്‍ഗ്രസ്. എന്നാല്‍ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ ചരിത്രത്തില്‍ അത് കാണാനാവില്ല. രാഷ്ട്രത്തിനും ജനങ്ങള്‍ക്കും എതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കും. അതാണ് എല്‍ഡിഎഫ് നല്‍കുന്ന ഉറപ്പ്.’ കോണ്‍ഗ്രസിന് കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാര്‍ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഒന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക കുറ്റകരമായ മൗനം പാലിക്കുകയാണ്. പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രകടന പത്രിക വന്നപ്പോള്‍ വ്യക്തമായി. സിഎഎ വിഷയം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാം പ്രകടന പത്രികയില്‍ പറയേണ്ടതില്ലല്ലോയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. എത്ര കോടി ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് സിഎഎ. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയോട് ചേര്‍ന്ന് നില്‍ക്കാന്‍ എങ്ങനെ കോണ്‍ഗ്രസിന് കഴിയുന്നു.’ എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article